Saturday, April 24, 2010

ഹാഫിസ് കാത്തിരിക്കുന്നു

ഹാഫിസ് കാത്തിരിക്കുന്നു, ഗുരുവിന്റെ വരവിനായി
Saturday, April 24, 2010 -->
കടപ്പാട്: മാധ്യമം ദിനപത്രം

തിരുവനന്തപുരം: ഖുര്‍ആന്‍ മനഃപാഠമാക്കിയവന്‍ ഹാഫിസ്. പേരിനെ അന്വര്‍ഥമാക്കുന്ന നിലയില്‍ തന്നെയാണ് ഖര്‍ആന്‍ പാരായണത്തിലെ ഹാഫിസിന്റെ വിസ്മയ പ്രകടനം. ഏടുകള്‍ എവിടെ നിന്നാകട്ടെ, ആരെങ്കിലും ഒന്നു ചൊല്ലിത്തുടങ്ങിയാല്‍ ഹാഫിസ് പൂരിപ്പിക്കുകയായി. ഏടുകളുടെ നമ്പര്‍ മാത്രം പറഞ്ഞാല്‍ അവിടം മുതല്‍ ഹാഫിസ് ഖുര്‍ആന്‍ ഓതിത്തുടങ്ങും. ആരാണീ ഹാഫിസ് എന്നല്ലേ? ജന്മനാ ബുദ്ധിമാന്ദ്യമുള്ള 11കാരന്‍. അക്ഷരജ്ഞാനം ഇതുവരെയില്ല. പക്ഷേ ഇംഗ്ലീഷും ഹിന്ദിയും മലയാളവും നന്നായി സംസാരിക്കും. ഖുര്‍ആന്റെ കാര്യത്തില്‍ പണ്ഡിതരെ അതിശയിപ്പിക്കുന്ന പാടവം. ഈണത്തില്‍ ചൊല്ലുക മാത്രമല്ല, അവയുടെ അര്‍ഥവും പശ്ചാത്തലവും വിവരിക്കാനും മിടുക്കന്‍. കേരള സര്‍വകലാശാലയുടെ അറബിക് വിഭാഗം സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഖുര്‍ആന്‍ സെമിനാറിനായി കാത്തിരിക്കുകയാണ്, ഹാഫിസ്. അവിടെ ഹാഫിസ് ഇന്നുവരെ കണ്ടിട്ടില്ലാത്ത അവന്റെ ഗുരു ഇമാം സുദൈസ് എത്തും, അവനെ അനുമോദിക്കാന്‍. വര്‍ക്കല വെട്ടൂര്‍ റാത്തിക്കല്‍ ഹുസൈന്‍ മന്‍സിലില്‍ അഡ്വക്കറ്റ് അസീം ഹുസൈന്റെയും അധ്യാപികയായ ഫസീലയുടെയും മകനാണ് ഹാഫിസ്. ജനിച്ചത് 'ഹെഡ്രോ കൊഫാലസ്' എന്ന മസ്തിഷ്ക രോഗവുമായി. ഒപ്പം ഹൃദയം മൂഴുവന്‍ ദ്വാരങ്ങളും. രോഗബാധിതമായ ഹൃദയവും മസ്തിഷ്കവും സമ്മാനിച്ചത് ബുദ്ധി മാന്ദ്യം. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ വെമ്പല്‍ കൂട്ടുന്ന കുരുന്നിനെ അടക്കിയിരുത്താന്‍ മാതാപിതാക്കള്‍ കണ്ടുപിടിച്ച മാര്‍ഗം ഖുര്‍ആന്റെ കാസറ്റ് കേള്‍പ്പിക്കുക എന്നതായിരുന്നു. പിതാവ് ഹജ്ജിനുപോയപ്പോള്‍ മക്കയിലെ മുഖ്യ ഇമാമായ അബ്ദുറഹ്മാന്‍ അല്‍സുദൈസ് പരായാണം ചെയ്ത ഖുര്‍ആന്‍ കാസറ്റുകള്‍ വാങ്ങി. അവയാണ് കേള്‍പ്പിച്ചുവന്നത്. ഈ കാസറ്റുകള്‍ തുടര്‍ച്ചയായി കേട്ട ഹാഫിസ് പിന്നീട് ഒരു ദിനത്തില്‍ സ്വയം അത് ഈണത്തില്‍ ചൊല്ലാനാരംഭിച്ചു. മാതാപിതാക്കള്‍ മാത്രമല്ല, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും അദ്ഭുതപ്പെട്ടുപോയി. ഡോക്ടറുടെ നിര്‍ദേശാനുസരണം കാസറ്റുകള്‍ പിന്നെയും ആവര്‍ത്തിച്ചു കേള്‍പ്പിക്കുകയും ഇടക്കിടെ അര്‍ഥം പറഞ്ഞു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. എത്ര അസ്വസ്ഥനായിരിക്കുമ്പോഴും കാസറ്റ് കേട്ടാലുടന്‍ ശാന്തനാകും. പിന്നെ ഭക്ഷണം വേണ്ട, ഉറക്കം വേണ്ട. ഇപ്പോഴും ഉറങ്ങാന്‍ സമയത്ത് സുദൈസിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കണം ഹാഫിസിന്. ഉംറക്കുപോയ ഹാഫിസ് കുടുംബാംഗങ്ങളോടൊപ്പം അവിടെ തന്റെ ഗുരുവായ ഇമാം സുദൈസിനെ കാണാന്‍ ശ്രമിച്ചിരുന്നു. നടന്നില്ല. എന്നാല്‍ ഹാഫിസിന്റെ കഴിവു കണ്ടറിഞ്ഞ 'ഇംതിഹാദ്' എന്ന അറബി പത്രത്തിന്റെ ലേഖകന്‍ അത് റിപ്പോര്‍ട്ടുചെയ്തു. അതുകണ്ട്, സുദൈസ് ഫോണില്‍ വിളിക്കുകയും തന്റെ അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തു. അന്നുമുതല്‍ സുദൈസിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ഈ കുട്ടിക്ക് ഖുര്‍ആന്‍ സെമിനാര്‍ അനുഗ്രഹമാകുകയാണ്.ഏപ്രില്‍ 29 മുതല്‍ മേയ് ഒന്നു വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഖുര്‍ആന്‍ സെമിനാറില്‍ ഇമാം സുദൈസ് പങ്കെടുക്കുമെന്നറിഞ്ഞ ഹാഫിസ്, മാതാപിതാക്കളുമായി രണ്ടുവട്ടം സെമിനാര്‍ ഓഫീസ് സന്ദര്‍ശിച്ചു കഴിഞ്ഞു. സെമിനാറില്‍ ലോക ഖുര്‍ആന്‍ പണ്ഡിതരെയെല്ലാം പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള സര്‍വകലാശാല അറബിക് വിഭാഗം മേധാവി പ്രഫ. എ നിസാറുദ്ദീന്‍ അറിയിച്ചു. ഇമാം സുദൈസിനെ കൂടാതെ ഡോ. യൂസുഫ് അല്‍ ഖര്‍ദാവി, ഡോ. സാക്കിര്‍ നായിക്ക്, സയ്യിദ് മുഹമ്മദ് റബിത്ത് ഹസാനി, തുടങ്ങി നിരവധിപേര്‍ പങ്കെടുക്കും. സെമിനാറില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന കൂട്ടത്തില്‍ ഹാഫിസ് എന്ന അദ്ഭുത ബാലനും ചര്‍ച്ചചെയ്യപ്പെടുമെന്ന് പ്രാഫ. നിസാറുദ്ദീന്‍ പറഞ്ഞു.