Sunday, March 21, 2010

ബട്‌ല ഹൗസ് : പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍

March 19th, 2010

കൊല്ലപ്പെടുന്നതിന് മുമ്പ് സാജിദ് മര്‍ദിക്കപ്പെട്ടിരുന്നോ?. ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എങ്കില്‍ ജാമിഅ നഗര്‍ -ബട്‌ല ഹൗസ് സംഭവം എങ്ങിനെ ഏറ്റുമുട്ടലാകും. പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന യുവാക്കള്‍ക്ക് മരിക്കുന്നതിന് മുമ്പ് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബട്‌ല ഹൗസില്‍ ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലായിരുന്നുവെന്ന ആരോപണത്തിന് ബലം നല്‍കുന്ന നിര്‍ണായകമായ വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും കേസന്വേഷിക്കുന്ന ദല്‍ഹി പോലീസിലെ പ്രത്യേക വിഭാഗം പുറത്ത് വിടാതിരുന്ന റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പുറം ലോകമറിഞ്ഞത്.

ദല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ഥികളായ മുഹമ്മദ് സാജിദ്(17), ആത്വിഫ് അമീന്‍ (24) എന്നിവരാണ് 2008 സെപ്തംബര്‍ 18ന് നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഭീകരരായ ഇരുവരും ഏറ്റമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകള്‍ എങ്ങിനെയുണ്ടായെന്നതാണ് സംശയമുയര്‍ത്തുന്നത്.



പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സാജിന്റെ ശരീരത്തില്‍ 14 മുറിവുകളാണ്ടായിരുന്നത്. ഇതില്‍ പന്ത്രണ്ട് മുറിവുകള്‍ വെടിയുണ്ടയേറ്റുണ്ടായതാണ്. 13, 14ഉം മുറിവുകള്‍ മൂര്‍ച്ചയില്ലാത്ത ഉപകരണം കൊണ്ട് ഉണ്ടായതാണ്. 13ാമത്തെ മുറിവ് 3×4 cm വലിപ്പത്തിലുള്ളതാണ്. നെഞ്ചിന്റെ മധ്യഭാഗത്ത് ചുവന്ന നിറത്തിലുള്ളതായിരുന്നു ഈ പാട്. 14ാമത്തെ മുറിവ് വലത് കാലിന്റെ മുന്‍ഭാഗത്ത് 3.5×2 cm വലിപ്പത്തിലുള്ളതാണ്. ആത്വിഫ് അമീന്റെ ശരീരത്തിലേറ്റ പരിക്കുകള്‍ ഏഴാമത്തെതൊഴികെ മറ്റുള്ളതെല്ലാം വെടിയേറ്റുണ്ടായതാണ്. ഏഴാമത്തെ മുറിവ് മര്‍ദനമേറ്റതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അമീന്റെ ശരീരത്തിലുള്ള ഏഴാമത്തെ മുറിവ് 1.5×1 വ്യാപ്തിയുള്ള മൂര്‍ച്ചയില്ലാത്ത ഉകരണം കൊണ്ട് ഏറ്റതാണ്. അഞ്ച് വെടിയുണ്ടകള്‍ സാജിദിന്റെ തലയുടെ മുകള്‍ ഭാഗത്താണ് ഏറ്റത്. തലയിലേറ്റ വെടി തലച്ചോറിലെ സെറിബ്രത്തെയും ക്രാണിയത്തെയും തകരാറിലാക്കിയതാണ് സാജിന്റെ മരണത്തിന് കാരണമായത്.

സംഭവത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്റ്റര്‍ ഷര്‍മയുടെ ശരീരത്തില്‍ വെടിയുണ്ടയേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. അടിവയറ്റിലേറ്റ വെടിയുണ്ടയാണ് ഷര്‍മയുടെ മരണത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഅ്‌സംഗഡുകാരായ ഇരുവരുടെയും മൃതദേഹങ്ങള്‍ കുളിപ്പിക്കുന്ന സമയത്ത്, ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്റെ ഫലമായുള്ള നിരവധി മുറിവുകള്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. പോലിസ് പറയുന്നതുപോലെ ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെങ്കില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ എങ്ങനെ വന്നുവെന്ന ചോദ്യമുയരുകയാണ്.

മൃതദേഹങ്ങളില്‍ കണ്ടെത്തിയ വെടിയേറ്റതല്ലാത്ത മുറിവുകളും വസ്തുതാന്വേഷണസംഘങ്ങളും മനുഷ്യാവകാശസംഘടനകളും കണ്ടെത്തിയ തെളിവുകളും വ്യക്തമാക്കുന്നത് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്നും ഇരുവരെയും പോലിസ് പിടിച്ചുനിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമാണെന്ന് സംഭവമുണ്ടായ ഉടന്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. വെടിയുണ്ടകള്‍ സാജിദിന്റെ തലയുടെ മുകള്‍ഭാഗത്തുകൂടി താഴേക്ക് തുളച്ചുകയറിയതിന്റെ പാടുകള്‍ മൃതദേഹം കുളിപ്പിക്കുന്ന സമയത്ത് ബന്ധുക്കള്‍ രഹസ്യമായെടുത്ത ചിത്രങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. കുനിച്ചിരുത്തിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നത്.

വിവരാവകാശ പ്രവര്‍ത്തകനായ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ഥി അഫ്രോസ് ആലം സാഹിലിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിനായി ദല്‍ഹി പോലിസ്, ഐ ഐ ഐ എം എസ്, കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തുടങ്ങിയവയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വഴിയാണ് സാഹിലിന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ പകര്‍പ്പു ലഭിച്ചത്.

കോളിളക്കം സൃഷ്ടിച്ച ബട്‌ല ഹൗസ് സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പല സംഘടനകളും നേരത്തെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ബട്‌ല ഹൗസ് സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് അടുത്ത ദിവസം പറഞ്ഞത് വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും ആവശ്യപ്പെട്ടിരുന്നു.
അവലംബം: www.keralaflashnews.com

Wednesday, March 3, 2010

അല്ലെടോ സിമി തന്ന്യാ...

പുണെ സ്ഫോടനത്തില്‍ സനാതന്‍ സന്‍സ്തയെ സംശയംWednesday, March 3, 2010
മാധ്യമം


മുംബൈ: വിദേശികള്‍ അടക്കം 17 പേര്‍ മരിച്ച പുണെ സ്ഫോടനത്തിന് പിന്നിലും സനാതന്‍ സന്‍സ്തയെ സംശയം. ആത്മീയതയിലേക്ക് ജനങ്ങളെ ശാസ്ത്രീയമായി നയിക്കാനെന്ന പേരില്‍ 1990ല്‍ രൂപംകൊണ്ട സംഘ്പരിവാര്‍ ബന്ധമുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ത. ഗോവ, താനെ, ന്യൂ മുംബൈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ സംഘടനയുടെ പ്രവര്‍ത്തകരാണ്. ഗോവ സ്ഫോടന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ. എ) തിരയുന്ന സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ സാരങ്ക് കുല്‍ക്കര്‍ണിക്ക് പുണെ സ്ഫോടനത്തിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ. ടി. എസ് ) വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് മാസംമുമ്പ് ഒളിവില്‍പോയ സാരങ്കിനെ എ.ടി.എസും അന്വേഷിക്കുന്നുണ്ട്.

ഗോവ സ്ഫോടന കേസില്‍ പിടികിട്ടാപുള്ളിയാണ് പുണെ സ്വദേശിയായ സാരങ്ക്. 2009 ഒക്ടോബര്‍ 16ന് ഗോവയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പുറമെ രത്നഗിരി സ്വദേശി പ്രശാന്ത് ജാവേക്കര്‍, മംഗലാപുരത്തുകാരന്‍ അണ്ണ എന്ന ജയപ്രകാശ്, സാരങ്ക് കുല്‍ക്കര്‍ണി എന്നിവര്‍ക്കും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റൊരാള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് സൂപ്രണ്ട് എസ്.വിജയന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘത്തിന്റെ കണ്ടെത്തല്‍. നിശ്ചിത സമയത്തിന് മുമ്പ് അബദ്ധത്തില്‍ ബോംബ് പൊട്ടിയത് കൂടുതല്‍ ദുരന്തത്തില്‍നിന്ന് ഗോവയെ രക്ഷിക്കുകയായിരുന്നു. ബോംബ് ഒളിച്ചുവെച്ച സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുകയാണുണ്ടായത്. സ്ഫോടനത്തില്‍ മരിച്ച രണ്ടുപേര്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ്. സ്ഫോടനത്തിന് രണ്ടു മാസം മുമ്പ് ഗോവയിലെ തലൌലിം വനത്തില്‍ സ്ഫോടന പരീക്ഷണം നടത്തിയിരുന്നു.അന്ന് സാരങ്ക് കുല്‍ക്കര്‍ണി സന്നിഹിതനായിരുന്നു എന്നാണ് എന്‍. ഐ.എയുടെ കണ്ടെത്തല്‍. ബോംബ് നിര്‍മാണത്തിന് ഐ.ഇ.ഡി എത്തിച്ച് കൊടുത്ത സാരങ്ക് ഗൂഢാലോചനയിലും പങ്കാളിയാണത്രെ. ഗോവയില്‍ സ്ഫോടന പരമ്പരകള്‍ നടത്തി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് എന്‍.ഐ.എ പറയുന്നു.

2008ല്‍ താനെയിലെ ഘഡ്കരി രംഗയാതന്‍ തിയറ്ററിന് മുമ്പിലുണ്ടായ സ്ഫോടന കേസ് അന്വേഷത്തിലൂടെയാണ് സനാതന്‍ സന്‍സ്തയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിഞ്ഞത്. അതേ വര്‍ഷമുണ്ടായ മാലേഗാവ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഭിനവ് ഭാരത് സംഘടനക്കും സനാതന്‍ സന്‍സ്തക്കും തമ്മില്‍ ബന്ധമുണ്ടെന്ന് ഹേമന്ത് കര്‍ക്കരെ തലവനായിരിക്കെ മഹാരാഷ്ട്ര എ.ടി.എസ് കണ്ടെത്തിയിരുന്നു. ഇന്ത്യവിട്ട വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈനെതിരെ വിവിധ കോടതികളില്‍ പൊതുതാല്‍പര്യ ഹരജികളും പ്രതിഷേധവുമായി നിറഞ്ഞുനിന്ന ഹിന്ദു ജനജാഗൃതി സമിതി സനാതന്‍ സന്‍സ്തയുടെ ഭാഗമാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.